
ജെറുസലേം: ഇറാനുനേരെ ആക്രമണവുമായി ഇസ്രയേൽ. വെള്ളിയാഴ്ച രാത്രിയിൽ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ വ്യക്തമാക്കി. ഇറാനെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് മണിക്കൂറുകൾക്കകമാണ് വ്യോമാക്രമണമുണ്ടായത്.
പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലടക്കം ഇസ്രയേൽ ആക്രമണം നടന്നു. മിസൈലുകളും ഡ്രോണുകളും അടക്കമുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ യുദ്ധവിമാനങ്ങളും ഉപയോഗിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്.
ആക്രമണത്തിന് പിന്നാലെ ഇറാനിൽ നിന്നുള്ള തിരിച്ചടി സാധ്യത കണക്കിലെടുത്ത് ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം തടയാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ആണവായുധ നിർമാണം തടയുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടത്. ഇസ്രയേലും ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളുമായുമുള്ള പോരാട്ടം വർഷങ്ങളായി തുടരുന്നതാണ്. ഗാസയിൽ ഇസ്രയേൽ തുടങ്ങിയ ഹമാസിനെതിരായ യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി എന്നീ സായുധ സംഘങ്ങളും ഇസ്രയേലിനെ ആക്രമിച്ചിരുന്നു.
ഈ സംഘർഷങ്ങളുടെ തുടർച്ചയായി അടുത്തിടെ ഇസ്രയേലിൽ ഇറാൻ സൈബർ ആക്രമണം നടത്തി രഹസ്യ വിവരങ്ങൾ കടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനെതിരായ പ്രത്യക്ഷ ആക്രമണത്തിന് ഇസ്രയേൽ തുനിഞ്ഞത്. ഇറാന്റെ ആണവായുധ പദ്ധതികൾ തടയാനായി പുതിയ ആണവ കരാർ കൊണ്ടുവരാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ടുള്ള സൈനിക സംഘർഷത്തിലേക്ക് പോകുന്നത്.