അഹമ്മദാബാദ് വിമാനാപകടം; 294 മരണം, 80 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 294 പേർ മരിച്ചതായി സ്ഥിരീകരണം. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.

അപകടത്തിൽ പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 10 മെഡിക്കൽ വിദ്യാർഥികൾക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ചതിൽ 80 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ ശേഖരിക്കുന്നുണ്ട്. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെത്തിയിരുന്നു.

അതേസമയം ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപവീതം ധനസഹായം നൽകുമെന്ന് എയർ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണമായി വഹിക്കുമെന്നും തകർന്ന മെഡിക്കൽ കോളേജ് കെട്ടിടം പുനർ നിർമിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

എന്താണ് അപകടത്തിന്റെ കാരണമെന്ന് കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കും. പക്ഷിയിടിച്ചതാണോ അമിത ഭാരമാണോ കാരണമെന്ന് അന്വേഷണത്തിലേ വ്യക്തമാകു. അനുവദനീയമായതിനേക്കാൾ ഭാരം വിമാനത്തിലുണ്ടായിരുന്നതുകൊണ്ടാണ് കൃത്യമായ രീതിയിൽ പറന്നുയരാൻ സാധിക്കാതെ വന്നത് എന്നതരത്തിലുള്ള വാദങ്ങൾ ഉയർന്നിട്ടുണ്ട്. വിമാനം തകർന്നുവീഴുന്ന സമയത്ത് വിമാനത്തിന്റെ രണ്ട് എൻജിനുകളും പ്രവർത്തനരഹിതമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഈ വിമാനത്തിൻ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ആരോപണങ്ങളുണ്ട്. ഇതേ വിമാനം ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയതിന് ശേഷമാണ് ലണ്ടനിലേക്ക് പോയത്. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ എത്തിയ യാത്രക്കാരിൽ ഒരാൾ ഇത്തരമൊരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ അന്വേഷണ ഏജൻസികൾ എല്ലാ വശങ്ങളും പരിഗണിക്കുന്നുണ്ട്. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തെ സഹായിക്കാൻ ബോയിങ് കമ്പനിയുടെ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും. ഇതിനൊപ്പം യു.എസ് ഫെഡറൽ ഏവിയേൻ ഉദ്യാഗസ്ഥരും ഇന്ത്യയിലെത്തും.

650 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു എയർ ട്രാഫിക് കൺട്രോളിലേക്ക് ആദ്യ അപായ സന്ദേശമെത്തുന്നത്. പിന്നാലെ വിമാനം താഴേക്ക് പതിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

വിമാന ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദിലെ വിമാന ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് ദുരന്തഭൂമിയിലേക്കായിരുന്നു. ഇവിടെ നിന്ന് ആണ് പ്രധാനമന്ത്രി സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചത്. അമ്പതോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. അഹമ്മദാബാദ് മേയർ പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ദുരന്തഭൂമിയിലെത്തിയ മോദി സ്ഥിതി​ഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര ജല ശക്തി മന്ത്രി സി ആർ പട്ടീൽ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 15 മിനിറ്റോളം ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചിലവഴിച്ചു. ആശുപത്രിയിലെ സന്ദർശനം വേ​ഗം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. തുടർനടപടിക​ൾ ഉൾപ്പെടെ ഈ യോ​ഗത്തിൽ ചർച്ച ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രിയും യോ​ഗത്തിൽ പങ്കെടുക്കും.വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തെ പ്രധാനമന്ത്രി കാണുമെന്ന് സൂചനയുണ്ട്.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *