
ജറുസലം: ഇറാനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ. ടെൽ അവീവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 50 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഇറാനിലെ നൂറിലേറെ സ്ഥലങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇറാൻ്റെ ആക്രമണം.
ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് ഇസ്രയേൽ ഭരണകൂടം നിർദേശം നൽകി. ടെൽ അവീവിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും നിർവീര്യമാക്കിയതായും ‘ബിബിസി’ റിപ്പോർട്ട് ചെയ്തു.
മധ്യ ഇസ്രയേലിലെ ഒരു തെരുവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടില്ല. അപകട സൈറണുകൾ തുടർച്ചയായി മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി. വിമാനം വെടിവച്ചിട്ടെന്ന ഇറാന്റെ വാദം തെറ്റാണെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.
ഇറാൻ സമയം ഇന്നലെ പുലർച്ചെ മൂന്നിനുശേഷം ഇസ്രയേൽ പോർവിമാനങ്ങൾ തലസ്ഥാനമായ ടെഹ്റാനിലും മുഖ്യ ആണവകേന്ദ്രമായ നതാൻസിലുമടക്കം നൂറിലേറെ കേന്ദ്രങ്ങളിൽ ബോംബിട്ടിരുന്നു. ഇറാൻ സേനാമേധാവിയടക്കം സൈന്യത്തിലെ ആദ്യ നാലു സ്ഥാനക്കാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ടെഹ്റാനിൽ പാർപ്പിടസമുച്ചയം തകർക്കപ്പെട്ടു. കുട്ടികളടക്കം 78 പേർ കൊല്ലപ്പെട്ടെന്നും മുന്നൂറിലേറെപ്പേർക്കു പരുക്കേറ്റെന്നും ഇറാൻ അറിയിച്ചു.