
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇടതുസ്വതന്ത്രനായി നിലമ്പൂരിൽ ജയിച്ച പി.വി.അൻവർ സർക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അൻവർ കോൺഗ്രസിന്റെ വി.വി.പ്രകാശിനെ തോൽപ്പിച്ചത്.
വിവിധ വിഷയങ്ങളുയർത്തി ഭരണ, പ്രതിപക്ഷ നേതാക്കൾ കൊമ്പുകോർത്ത പ്രചാരണ മാമാങ്കത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്. യുഡിഎഫ്–എൽഡിഎഫ്–എൻഡിഎ മുന്നണികൾക്കൊപ്പം സ്വതന്ത്രനായി പി.വി.അൻവറിന്റെ രംഗപ്രവേശത്തോടെയാണ് മണ്ഡലത്തിലെ പോരാട്ടം വീറുറ്റതായത്. മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകം. ഭരണവിരുദ്ധ വികാരമുണ്ടെന്ന വാദമുയർത്തിയ പ്രതിപക്ഷത്തിന്റെ നിലപാട് ഉറപ്പിക്കാൻ മണ്ഡലം പിടിച്ചെടുക്കേണ്ട ബാധ്യതയാണ് യുഡിഎഫിന്റേത്. വികസനമുദ്രാവാക്യത്തിന് എത്രവോട്ടെന്ന കണക്കെടുപ്പിലാണ് എൻഡിഎ. മുകൾതട്ടിൽ പ്രതിഫലിക്കാത്ത അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിക്കുകയാണ് പി.വി.അൻവർ ക്യാംപ്.
പത്തു സ്ഥാനാർഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണൽ.