
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഓപ്പറേഷൻ സിന്ധു എന്ന ദൗത്യം കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും വ്യോമമാർഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ ടെൽ അവീവിലെ ഇന്ത്യൻ എംബസി നൽകിയ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഇവരെ കരമാർഗമോ, വ്യോമ മാർഗമോ നാട്ടിലെത്തിക്കും. ഇന്ത്യൻ എംബസിയുടെ ഏകോപനത്തിലായിരിക്കും നടപടി. ജോർദാൻ, ഈജിപ്ത് രാജ്യങ്ങളിലെത്തിച്ച ശേഷമാകും മടക്കി കൊണ്ടുവരിക.
ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ നേരത്തെ തുടങ്ങിയിരുന്നു. 110 ഇന്ത്യക്കാരുമായി ഇന്ത്യക്കാരുമായി ഇറാനിൽ നിന്നുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെത്തിയത്. ടെഹ്‌റാനിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർഥി സംഘമാണ് നാട്ടിലെത്തിയത്. ഇതിൽ 90 പേരും കശ്മീരികളാണ്. അർമേനിയൻ തലസ്ഥാനമായ യെരവാൻ വഴിയാണ് സംഘത്തെ നാട്ടിലെത്തിച്ചത്. ഇറാനിലെയും അർമേനിയയിലെയും എംബസികളുടെ മേൽനോട്ടത്തിലാണ് ഒഴിപ്പിക്കൽ നടക്കുന്നത്.