
ലീഡ്സ്: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ യുവതലമുറയുടെ മാറ്റുരയ്ക്കാനുള്ള പരീക്ഷണം തുടങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന് പുതിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സംഘവും ഹെഡിങ്ലിയിലെ പിച്ചിലേക്കിറങ്ങുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30-നാണ് മത്സരം.
സൂപ്പർ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, ആർ. അശ്വിൻ എന്നിവരില്ലാതെ ഇന്ത്യൻ ടീമിന്റ ആദ്യ അങ്കംകൂടിയാണിത്. ഇംഗ്ലണ്ട് ടീമിനെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 സീസണിലെ ഇന്ത്യൻ ടീമിന്റെ ആദ്യമത്സരം കൂടിയാണിത്.
ബാറ്റിങ് പൊസിഷൻ
ഇന്ത്യൻ ബാറ്റിങ്‌നിരയിലെ സ്ഥാനങ്ങളെച്ചൊല്ലിയാണ് കഴിഞ്ഞ കുറച്ചുദിവസമായി ചർച്ചനടക്കുന്നത്. യശസ്വി ജയ്സ്വാളിനൊപ്പം ആരാകും ഓപ്പൺ ചെയ്യുന്നത്. മൂന്ന്, നാല് നമ്പറുകളിൽ ആരാകും കളിക്കുന്നത്, എന്നൊക്കെയുള്ള ചർച്ചകൾക്ക് മറുപടികൂടിയാകും ആദ്യടെസ്റ്റ്.
ഓപ്പണിങ്ങിൽ ജയ്സ്വാളിനൊപ്പം സായ് സുദർശൻ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ നാലാം നമ്പറിൽ ശുഭ്മാൻ ഗിൽ ഇറങ്ങും. മറുനാടൻ മലയാളി താരം കരുൺ നായരാകും മൂന്നാംനമ്പറിൽ കളിക്കുന്നത്. ഗിൽ നാലാം നമ്പറിൽ കളിക്കുമെന്ന് കഴിഞ്ഞദിവസം വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് വ്യക്തമാക്കിയിരുന്നു. തുടർന്ന് പന്തും കെ.എൽ. രാഹുലും കളിക്കും. ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും ശാർദൂൽ ഠാക്കൂറുമാകും ഇടംപിടിക്കുന്നത്.
ബൗളിങ്ങിൽ പേസർ ജസ്പ്രീത് ബുംറ ചുക്കാൻപിടിക്കും. മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയും ടീമിൽ ഉൾപ്പെട്ടേക്കും. ജഡേജ മാത്രമാകും ടീമിലെ സ്പിന്നർ.