
ഗാസ: ഇറാനുമായുള്ള സംഘർഷത്തിനിടയിലും ഗാസക്കാരെ കടന്നാക്രമിച്ച് ഇസ്രയേൽ. വീണ്ടും സഹായം തേടിയെത്തിയവർക്ക് നേരെ ഇസ്രയേൽ വെടിവെപ്പ് നടത്തി. ആക്രമണത്തിൽ ഗാസയിൽ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മധ്യ ഗാസയിൽ ഇസ്രയേലി സൈന്യം സഹായം തേടിയെത്തിയവരുടെ നേർക്ക് വെടിയുതിരിക്കുകയായിരുന്നുവെന്നാണ് ദെയ്ർ എൽ-ബലായിലെ അൽ അദ്വ ആശുപത്രിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. വെടിവെയ്പ്പിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) നൽകുന്ന സഹായ വിതരണ കേന്ദ്രത്തിന് സമീപമാണ് ആക്രമണമുണ്ടായത്. എന്നാൽ കേന്ദ്രത്തിന് സമീപം ആക്രമണമുണ്ടായിട്ടില്ലെന്ന് ജിഎച്ച്എഫ് പറഞ്ഞു. നെത്‌സാരിം പ്രദേശത്ത് സംശയമുള്ളവർക്ക് നേരെ മുന്നറിയിപ്പ് എന്ന രീതിയിലാണ് വെടിയുതിർത്തതെന്നും അപകടങ്ങളെ കുറിച്ച് അറിയില്ലെന്നും ഇസ്രയേൽ സൈന്യം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിൽ ഗാസയിൽ സഹായത്തിന് വേണ്ടി കാത്തിരിക്കുന്നവർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്. ഗാസ മുനമ്പിൽ ഭക്ഷണമുൾപ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകൾക്കായി കാത്തുനിന്ന പലസ്തീനികൾക്ക് നേരെ ചൊവ്വാഴ്ച ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടതായായിരുന്നു റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ജിഎച്ച്എഫ് മെയ് മാസം നടത്തിയ സഹായ വിതരണത്തിന് നേരെ നടത്തിയ ആക്രമണത്തിൽ നൂറ് കണക്കിന് ഗാസക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം പുലർച്ചെ ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആകെ 31 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.