
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം കനക്കുന്നു. സുരക്ഷാ സേനയുടെ വെടിവെപ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് സുരക്ഷ സേനയും കുക്കികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ലാങ്ചിങ്മൻബിയിലെ ഗ്രാമമുഖ്യൻ ഖയ്‌ഖൊഗിൻ ഹോകിപിന്റെ പങ്കാളി ഹൊയ്‌ഖൊൽഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ഹൊയ്‌ഖൊൽഹിങ്ങിനെ രക്ഷിക്കാനായില്ല.
ചുരാചന്ദ്പൂർ ജില്ലയിലെ ചിങ്‌ഫെയ് ഗ്രാമത്തിൽ ആയിരുന്നു വെടിവെപ്പ് നടന്നത്. ബിഷ്ണുപുർ ജില്ലയിലെ ഫുബാല ഗ്രാമത്തിലെ മെയ്‌തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവെച്ചിരുന്നു. വെടിവെപ്പിൽ ഒരു കർഷകന് പരിക്കേറ്റു. 60കാരനായ നിങ്‌തൊജാം ബൈറനാണ് ഇടത് കൈക്ക് പരിക്കേറ്റത്. നിലവിൽ ബിഷ്ണുപുർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. പിന്നാലെയാണ് കുക്കി സംഘവും സുരക്ഷ സേനയും ഏറ്റുമുട്ടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 3.30നാണ് വെടിവെപ്പ് നടന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൂടുതൽ അക്രമം തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പിൽ പ്രതിഷേധിച്ച് ഫുബാലയിൽ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കർഷകരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.
അക്രമകാരികളെ നാളെ 11 മണിയോടെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഫുബാലയിലെ സ്ത്രീകൾ ഗവർണർക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തയച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കുകി സിവിൽ സൊസൈറ്റി ഓർഗനൈസേഷനും കടുത്ത വിമർശനവുമായി രംഗത്തെത്തി. സംഭവത്തെ അപലപിച്ച ഇൻഡീജീനിയസ് ട്രൈബൽ ലീഡേർസ് ഫോറം കുക്കി-സോ ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് നടന്ന മറ്റൊരു ആക്രമണമാണ് നടന്നതെന്ന് കൂട്ടിച്ചേർത്തു.