
ടെൽ അവീവ്: ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ഇസ്രയേലിന്റെ വടക്കൻ ഭാഗങ്ങളിൽ ഇറാൻ മിസൈലുകൾ പതിച്ച് നിരവധിപേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേൽ തങ്ങളുടെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷമുള്ള 17-ാം ഘട്ട പ്രത്യാക്രമണമാണ് വെള്ളിയാഴ്ച നടത്തിയതെന്നും ഇറാൻ സായുധസേന അറിയിച്ചു.
അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ‘സർപ്രൈസുകൾക്കായി ലോകം ഇനിയും കാത്തിരിക്കണം’ എന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. വിജയത്തോടെ മാത്രമേ ഈ പ്രത്യാക്രമണം അവസാനിക്കൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതിനിടെ സമാധാനം വേണമെന്ന ആവശ്യവുമായി ഇറാൻ ആക്രമണത്തിൽ ഏറ്റവുംകൂടുതൽ നാശനഷ്ടം സംഭവിച്ച വടക്കൻ ഇസ്രയേൽ നഗരമായ ഹയ്ഫ മേയർ ആവശ്യപ്പെട്ടു. ‘താൻ എപ്പോഴും യുദ്ധത്തിനെതിരാണ്’ ഹയ്ഫ മേയർ യോന യഹാവ് പറഞ്ഞു. സംഘർഷത്തിൽ അമേരിക്കൻ ഇടപെടലിന് യുഎസ് പ്രസിസന്റ് രണ്ടാഴ്ചത്തെ സമപയപരിധിവെച്ചത് വളരെ വൈകിയെന്നും അദ്ദേഹം പരാതിപ്പെട്ടു.
സംഘർഷങ്ങൾ തുടരുന്നതിനിടെ ജനീവയിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി യൂറോപ്യൻ നേതാക്കളും നയതന്ത്രജ്ഞരും ചർച്ചകൾ നടത്തി വരികയാണ്. യുകെ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഒന്നര മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ശേഷം ഇറാൻ പ്രതിനിധി സംഘം കൂടിയാലോചനകൾക്കായി ഒരു ഇടവേള ആവശ്യപ്പെട്ടതായി ബിബിസിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.