
ന്യൂയോർക്ക്: വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി വോയിസ് ഓഫ് അമേരിക്ക. യുഎസ് ഗവൺമെൻറിൻറെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും 639 ജീവനക്കാരെയാണ് പുതുതായി ട്രംപ് ഭരണകൂടം പിരിച്ചുവിടുന്നത്. മാർച്ച് മുതൽ ആരംഭിച്ച പിരിച്ചുവിടലിൻറെ ഭാഗമായാണ് നിലവിൽ 639 പേർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 1400 ഓളം ജീവനക്കാരെയാണ് ഇതുവരെ ന്യൂസ് ഏജൻസിയിൽ നിന്ന് പിരിച്ചുവിട്ടത്.
മാർച്ച് മാസത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കായിരുന്നു ഇ-മെയിൽ വഴി പിരിച്ചുവിടൽ സന്ദേശമെത്തിയത്. മാർച്ച് അവസാനത്തോടെ പിരിഞ്ഞു പോകണമെന്നാണ് അറിയിപ്പാണ് മെയിലിൽ ഉണ്ടായിരുന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. എന്നാൽ ഭരണകൂടം ഇത്തരം നടപടികളിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല പിരിച്ചുവിടൽ നിലവിൽ തുടരുകയാണ്.
വോയ്സ് ഓഫ് അമേരിക്കയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും കരാർ തൊഴിലാളികളാണ്. ഇംഗ്ലീഷ് ഇതര ഭാഷാ സേവനങ്ങളിലെ സ്റ്റാഫുകളാണ് കരാർ തൊഴിലാളികളിൽ കൂടുതലും. പല കരാറുകാരും യുഎസ് പൗരന്മാരല്ല. പിരിച്ചു വിടൽ തുടരുമ്പോൾ അവരിൽ ഭൂരിഭാഗവും സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ട അവസ്ഥയാണ്.
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക റേഡിയോ, ടെലിവിഷൻ, ഇൻറർനെറ്റ് പ്രക്ഷേപണ ശൃംഖലയാണ് വോയ്സ് ഓഫ് അമേരിക്ക. 1942 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് നാസി പ്രചാരണത്തെ ചെറുക്കുന്നതിന് വേണ്ടി ജർമ്മൻ ഭാഷയിലാണ് ആദ്യമായി പ്രക്ഷേപണം ചെയ്തത്.