
ടെൽ അവീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിനിടെ ഇസ്രയേലിൽ ഇറാന്റെ മിസൈലാക്രമണം. തെക്കൻ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബീർഷെബയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി അധികൃതർ അറിയിച്ചു. ഇറാൻ വീണ്ടും മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾ ഷെൽട്ടറുകളിൽ തുടരണമെന്നും ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഇറാനും വെടിനിർത്തൽ ധാരണയിലെത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ വെടിനിർത്തൽ കരാർ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇറാനും ഇസ്രയേലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചത്. ചൊവ്വാഴ്ച പുലർച്ച നാലു മണി വരെ ഇസ്രയേൽ ഇറാനിലും തങ്ങൾ തിരിച്ചും പ്രത്യാക്രണം നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഇറാൻ ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായത്.