
ഖാൻ യൂനിസ്: വടക്കൻ ഗാസയിൽ ഇസ്രയേലി സൈന്യത്തിന്റെ വാഹനം പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ ഏഴ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഖാൻ യൂനിസിലായിരുന്നു സംഭവം.
605-ാമത് കോംബാറ്റ് എഞ്ചിനീയറിംഗ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. സൈനികർ സഞ്ചരിക്കുന്ന കവചിത വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
വാഹനത്തിൽ ഒരു പലസ്തീൻ ഭീകരൻ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചതായി ഐഡിഎഫ് ആരോപിച്ചു. ഖാൻ യൂനിസിലൂടെ വാഹനം കടന്നുപോകുമ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. ഉടൻ വാഹനം തീപിടിച്ചു. അഗ്നിശമനസേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ആരെയും രക്ഷപ്പെടുത്താനായില്ലെന്ന് ഇസ്രേയൽ അധികൃതർ പറഞ്ഞു.
തെക്കൻ ഗാസ മുനമ്പിൽ ചൊവ്വാഴ്ച നടന്ന പോരാട്ടത്തിനിടെ 605-ാം ബറ്റാലിയനിലെ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഐഡിഎഫ് അറിയിച്ചു.