
തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ(21), രാഹുൽ(19), അലിം(30) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തിരച്ചില്‍ തുടങ്ങിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊർജിതപ്പെടുത്തുകയായിരുന്നു.