
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റി. റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടികാട്ടിയാണ് ഖിൽഖേത് ദുർഗ്ഗാ ക്ഷേത്രം പൊളിച്ചു നീക്കിയത്. ഹൈന്ദു വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു. ഇന്ത്യ സംഭവത്തെ അപലപിച്ചു.
ബംഗ്ലാദേശ് റെയിൽവേ ധാക്ക ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണറും ഡിവിഷണൽ എസ്റ്റേറ്റ് ഓഫീസറും പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ക്ഷേത്രം പൊളിക്കുന്നതിന് അധികൃതർ എത്തിയപ്പോൾ വിശ്വാസികൾ ക്ഷേത്രത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ സൈനികരെ ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം ഇടിച്ചുനിരത്തുകയായിരുന്നു.
ധാക്കയിലെ ദുർഗ്ഗാ ക്ഷേത്രം തകർത്തതിനെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വിമർശിച്ചു. ധാക്കയിലെ ഖിൽഖേത് ദുർഗ്ഗാ ക്ഷേത്രം പൊളിക്കാൻ ഭീകരവാദികൾ മുറവിളി കൂട്ടുകയായിരുന്നുവെന്നും ഇടക്കാല സർക്കാർ, ക്ഷേത്രത്തിന് സുരക്ഷ നൽകുന്നതിനു പകരം, ഈ സംഭവത്തെ നിയമവിരുദ്ധമായ ഭൂവിനിയോഗമായി ചിത്രീകരിക്കുകയും ക്ഷേത്രം നശിപ്പിക്കാൻ അനുവദിക്കുകയും ചെയ്തെന്നും അദ്ദേഹം വിമർശിച്ചു.
വിഗ്രഹത്തിന് കേടുപാടുകൾ വരുത്തി. ബംഗ്ലാദേശിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്കയുണ്ട്. ഹിന്ദുക്കളെയും അവരുടെ സ്വത്തുക്കളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കേണ്ടത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ജയ്‌സ്വാൾ പറഞ്ഞു.
ബംഗ്ലാദേശിലെ വിവിധ ഹിന്ദു സംഘടനകളുടെ സംയുക്ത കൂട്ടായ്മ വെള്ളിയാഴ്ച ധാക്കയിലെ ഷാബാഗ് പ്രദേശത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ക്ഷേത്രം തകർത്തതിന് പിന്നിൽ ഭരണകൂടത്തിന്റെ വർഗീയ നടപടികളാണെന്ന് കൂട്ടായ്മ പ്രസ്താവനയിൽ വ്യക്തമാക്കി.