
കോഴിക്കോട്: പാലാഴിയില്‍ കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം. ഇതരസംസ്ഥാനത്തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. മറ്റു രണ്ടുപേരെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജെ സിബി അടക്കമുള്ള സൗകര്യങ്ങൾ എത്തിച്ചാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. എംഎൽഎ അഹമ്മദ് ദേവർകോവിൽ സ്ഥലത്തെത്തിയിട്ടുണ്ട്.
ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി പൈലിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മൂന്ന് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. രണ്ടുദിവസം മുന്‍പും സ്ഥലത്ത് മണ്ണിടിഞ്ഞു വീണിരുന്നെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാരിലൊരാൾ പറഞ്ഞു. അശാസ്ത്രീയമായി മണ്ണെടുത്താണ് കെട്ടിടനിര്‍മാണമെന്നും ഇതിനെതിരേ പരാതി നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.