
കീവ്: റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുക്രൈനിന്റെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. യുഎസ് നിര്‍മിത എഫ്-16 യുദ്ധവിമാനമാണ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്.
477 ഡ്രോണുകളും 60 മിസൈലുകളുമടക്കം യുക്രൈനിൽ വ്യാപക ആക്രമണമാണ് റഷ്യ നടത്തിയത്. ഡ്രോണുകളില്‍ ഭൂരിഭാഗവും യുക്രൈന്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും റഷ്യ അയച്ച മിസൈലുകളില്‍ ഭൂരിഭാഗവും ലക്ഷ്യം കണ്ടു. ആക്രമണത്തിൽ നിരവധി വീടുകൾ തകർന്നു. പത്തോളം പേർക്ക് പരുക്കേറ്റു.
ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് യുക്രൈനിന്റെ എഫ്-16 യുദ്ധവിമാനം തകര്‍ന്നതെന്ന് യുക്രൈന്‍ അറിയിച്ചു. യുദ്ധത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് എഫ്-16 യുദ്ധവിമാനം തകരുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയില്‍ നിന്ന് യുക്രൈന്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ശനിയാഴ്ച രാത്രി നടന്നത്.
യുക്രൈന്‍ പ്രവിശ്യകളായ ലവിവ്, പൊള്‍ടാവ, മൈകൊളവിവ്, ഡിനിപ്രൊപെട്രോവ്‌സ്, ചെര്‍കാസി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടന്നത്. റഷ്യന്‍ മിസൈലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എഫ്-16 യുദ്ധവിമാനത്തിന് ആക്രമണത്തില്‍ സാരമായി തകരാര്‍ സംഭവിക്കുന്നത്. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചതിനാല്‍ പൈലറ്റ് വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടന്നില്ല.