
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം ഇന്ന് ആരംഭിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ജൂലൈ രണ്ട് വരെയാണ് എസ് ജയശങ്കറിന്റെ യുഎസ് സന്ദർശനം. കഴിഞ്ഞ ജനുവരി 21ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ അനുസരിച്ചാണ് ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുന്നത്.
“പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ടവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ കൈമാറും, കൂടാതെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ക്വാഡ് സംരംഭങ്ങളിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്യും,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന ക്വാഡ്, ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രധാന ഗ്രൂപ്പായി ഉയർന്നുവന്നിട്ടുണ്ട്.