
വാഷിങ്ടൻ: സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും. യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് മേയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ തീരുമാനം ഏറെക്കാലമായി കാത്തിരുന്ന സിറിയയുടെ പുനർനിർമാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അൽ ശിബാനി എക്സിൽ കുറിച്ചു. ഈ നീക്കം സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും രാജ്യാന്തര സമൂഹത്തിനുമുന്നിൽ രാജ്യത്തെ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയിൽ നടന്ന സൗദി സന്ദർശനത്തിനിടെയാണ് വർഷങ്ങളായി സിറിയയ്ക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരായുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. 25 വർഷത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ നടന്ന കൂടിക്കാഴ്ച ചരിത്രമായിരുന്നു.
24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. 2011 മുതൽ ജനാധിപത്യ പ്രക്ഷോഭത്തിൽ വലഞ്ഞ സിറിയയിൽ അപ്രതീക്ഷിത അട്ടിമറിയിലൂടെ 2024 ഡിസംബർ എട്ടിനാണ് പ്രസിഡന്റ് ബഷാർ അൽ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്. അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട ആധിപത്യത്തിനാണ് അതോടെ അന്ത്യമായത്.