
ന്യൂഡൽഹി: മൊബൈൽ ഫോണുകൾ വഴിയുള്ള തത്സമയ ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ രാജ്യവ്യാപക പരീക്ഷണം തുടങ്ങി കേന്ദ്രസർക്കാർ. പ്രകൃതി ദുരന്ത-മനുഷ്യനിർമിത ദുരന്ത സന്ദർഭങ്ങളിൽ മുന്നറിയിപ്പ് വേഗത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമടക്കം 19-ലധികം ഭാഷകളിലാണ് പരീക്ഷണ സന്ദേശങ്ങൾ മൊബൈൽ ഫോണുകളിൽ ശനിയാഴ്ച മുതൽ അയച്ചുതുടങ്ങിയത്.
ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) ശുപാർശ ചെയ്യുന്ന കോമൺ അലർട്ടിങ് പ്രോട്ടക്കോൾ അടിസ്ഥാനമാക്കിയുള്ള, സെന്റർ ഓഫ് ഡിവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് അലർട്ട് സിസ്റ്റമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിജയകരമായി പ്രവർത്തനക്ഷമമാക്കിയത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സംവിധാനം ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ പ്രത്യേക പ്രദേശത്ത് ദുരന്തബാധിതരായ പൗരന്മാരുടെ മൊബൈലുകളിലേക്ക് എസ്എംഎസ് വഴി പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റുകൾ എന്നിവയെക്കുറിച്ചുള്ള അടിയന്തരസന്ദേശങ്ങൾ ഇതുവഴി അയക്കാനാവും. 19-ലധികം ഇന്ത്യൻ ഭാഷകളിലായി 6,899 കോടിയിലധികം എസ്എംഎസ് സന്ദേശങ്ങൾ നൽകാൻ ഈ സംവിധാനം വഴി കഴിയും.