
ജറുസലം: ഗാസയിലെ വിവിധയിടങ്ങളിലായി ഇസ്രയേൽ നടത്തിയ അതിരൂക്ഷ ആക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ ഗാസയിലെ കടൽത്തീര കഫേയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേരും വെടിവയ്പ്പിൽ 22 പേരും കൊല്ലപ്പെട്ടു. മറ്റു രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തിൽ 15 പലസ്തീനികൾക്കും ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
സ്ത്രീകളും കുട്ടികളും അടക്കം തിങ്ങിനിറഞ്ഞിരുന്ന സമയത്താണ് ഗാസയിൽ അൽ ബക്ക കഫേയിൽ ആക്രമണം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശവാസികളും ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവർത്തകരും സ്ഥിരമായി വരുന്ന കഫേയാണിത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഒരു യുദ്ധവിമാനം പ്രദേശം ആക്രമിക്കുകയായിരുന്നുവെന്നും ഭൂമികുലുക്കം പോലെയാണ് അനുഭവപ്പെട്ടതെന്നും കഫേയിൽ ഉണ്ടായിരുന്ന അലി അബു എന്നയാൾ വാർത്താ ഏജൻസിയോടു പറഞ്ഞു.
വെടിനിർത്തലിന് അമേരിക്ക മുൻകയ്യെടുത്തുള്ള ചർച്ചകൾ അടുത്ത ഘട്ടത്തിലേക്കു കടക്കാനിരിക്കെയാണ് ഗാസയിൽ ഇസ്രയേൽ അതിരൂക്ഷമായ ആക്രമണം നടത്തിയത്.ഗാസയെ പിടിച്ചുകുലുക്കിയ കര–വ്യോമ ആക്രമണമാണ് നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, വെടിനിർത്തൽ വേണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തെത്തുടർന്ന്, വാഷിങ്ടനിലെത്തിയ ഇസ്രയേൽ മന്ത്രി റോൺ ഡെർമർ ഇന്ന് പ്രമുഖരെ കാണും. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും അടുത്ത ദിവസം യുഎസിൽ എത്തിയേക്കും.