
കൊൽക്കത്ത: മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 4 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കുക്കി കമാൻഡറും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. കുക്കി സായുധ ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കൊല്ലപ്പെട്ടവരെ സംബന്ധിച്ച കൂടടുതൽ വിവരങ്ങൾ ലഭ്യമല്ല.
ഇവർ സഞ്ചരിച്ചിരുന്ന കാറിനു നേരെ വെടിവയ്പും ബോംബ് ആക്രമണവും നടന്നു. ഈ സമയത്ത് അതുവഴി നടന്നുപോകുകയായിരുന്ന 60 വയസ്സുള്ള സ്ത്രീയും കൊല്ലപ്പെട്ടു. കുക്കി നാഷനൽ ആർമിയുമായി സംഘർഷത്തിലേർപ്പെട്ട യുണൈറ്റഡ് കുക്കി നാഷനൽ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. സായുധസംഘടനകൾ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ചുരാചന്ദ്പുരിലെ മൊങ്ജാങ് ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ആക്രമണം. തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിൽ പ്രദേശത്ത് കേന്ദ്രസേനയെ വ്യാപകമായി വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ 12 ലധികം ഒഴിഞ്ഞ ഷെല്ലുകള്‍ കണ്ടെത്തി. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.