
ഇസ്‌ലാമാബാദ്: പാക്-അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാന്റെ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികർ മരിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ ഇരുരാജ്യങ്ങളും തയ്യാറായിട്ടില്ല.
അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള നോർത്ത് വസീറിസ്താനിലെ മിർ അലി മേഖലയിൽ വെച്ചാണ് സൈനിക വാഹനവ്യൂഹത്തിനു നേരെ ചാവേർ ആക്രമണം നടന്നത്. ഇതിനെ തുടർന്ന് ഗുലാം ഖാൻ അതിർത്തി അടച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ ഖോസ്റ്റ് പ്രവിശ്യയിലൂടെ കടന്നുപോവുന്ന ഈ വഴി പ്രധാനപ്പെട്ട വ്യാപാര, ഗതാഗത മാർഗ്ഗമാണ്.
പാക് സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തെ തുടർന്ന് അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ ഈ വഴി ഒഴിവാക്കാനും പകരം അതിർത്തി കടന്നുപോകുന്ന മറ്റു വഴികൾ ഉപയോഗിക്കാനും അഫ്ഗാൻ അധികൃതർ നിർദ്ദേശം നൽകി.