ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം, ബാറ്റിങ് തുടരുന്നു

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തുടരുന്നു. ഒന്നാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന നിലയിലാണ് ടീം. യശസ്വി ജയ്‌സ്വാള്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. നായകന്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തുമാണ് ക്രീസില്‍.

‌ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തിന് രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാളും കരുണ്‍ നായരും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. സ്‌കോര്‍ 95-ല്‍ നില്‍ക്കേ കരുണ്‍ നായര്‍ പുറത്തായി. 31 റണ്‍സാണ് കരുണിന്റെ സമ്പാദ്യം.

പിന്നീട് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് ജയ്‌സ്വാള്‍ ഭേദപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 150-കടത്തി. 87 റണ്‍സെടുത്ത ജയ്‌സ്വാളിനെ ബെന്‍ സ്‌റ്റോക്‌സ് പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. നിലവില്‍ 182-3 എന്ന നിലയിലാണ് ഇന്ത്യ. ഗില്ലും (42) ഋഷഭ് പന്തുമാണ് (14)ക്രീസില്‍.

മൂന്ന് മാറ്റങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. നിതീഷ് റെഡ്ഡി, ആകാശ് ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. പേസര്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. ജോലിഭാരം കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചു. യുവതാരം സായ് സുദര്‍ശനും ശാര്‍ദുല്‍ താക്കൂറും ടീമില്‍ നിന്ന് പുറത്തായി. പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്.

അവസാന പത്ത് ടെസ്റ്റുകളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നു. പേസർമാർ 227 വിക്കറ്റാണ് തെറിപ്പിച്ചത്. സ്പിന്നർമാർക്ക് കിട്ടിയത് 53 വിക്കറ്റ് മാത്രം. എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ടെസ്റ്റിൽ ജയിക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല. ശുഭ്മാൻ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.

ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും ഇന്ത്യ തോറ്റു. 1986-ൽ നേടിയ സമനില മാത്രമാണ് വലിയ നേട്ടം. ആ വേദിയിൽ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 92 റൺസിനാണ് പുറത്തായത്. 16 ഇന്നിങ്‌സുകളിൽ 300-ന് മുകളിൽ സ്കോർ ചെയ്തത് രണ്ടുതവണ മാത്രം. 390 റൺസാണ് ഇന്ത്യയുടെ ഉയർന്ന സ്കോർ. തിരിച്ചടികൾമാത്രം നേരിട്ട വേദിയിലേക്കാണ് ആദ്യമത്സരത്തിലെ തോൽവിയുടെ പ്രതിസന്ധിയിൽ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.

ഇന്ത്യന്‍ ടീം – യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റൻ), ഋഷഭ് പന്ത്, കരുണ്‍ നായര്‍, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇം​ഗ്ലണ്ട് ടീം – ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രോളി, ബെൻ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്ത്, ക്രിസ് വോക്സ്, ബ്രെണ്ടൻ കാർസ്, ജോഷ് ടങ്, ഷൊയ്ബ് ബഷീർ.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *