
ധാക്ക: കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറു മാസം തടവ് ശിക്ഷ. ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്ലാണ് ശിക്ഷാ വിധിച്ചത്. ജസ്റ്റിസ് ഗൊലാം മൊർതുസ മസുംദാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അവാമി ലീഗ് നേതാവായ ഷെയ്ഖ് ഹസീന 11 മാസം മുൻപ് പദവി ഒഴിഞ്ഞിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. 2024ലാണ് ഭരണ വിരുദ്ധ വികാരത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ ഹസീന ബംഗ്ലാദേശിൽനിന്നും പലായനം ചെയ്തത്. അതിനു ശേഷം ഇന്ത്യയിലാണ് ഹസീന അഭയം പ്രാപിച്ചത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ ഉൾപ്പെടെ നിരവധി കേസുകളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.