
വാഷിങ്ടൺ: റഷ്യ യുക്രൈൻ യുദ്ധത്തിൽ യുക്രൈന് വൻ തിരിച്ചടിയായി യുഎസ് നടപടി. യുക്രൈന് വേണ്ടിയുള്ള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചു. റഷ്യൻ വ്യോമാക്രമങ്ങളെ ചെറുക്കുന്നതിനുള്ള മിസൈലുകളടക്കം കിട്ടാതായതോടെ റഷ്യൻ ആക്രമണം ചെറുക്കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് യുക്രൈൻ സൈന്യം. യുഎസ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന മിസൈലുകൾ ഉൾപ്പെടെയുള്ള നിർണായക ആയുധ സഹായമാണ് അമേരിക്ക നിർത്തലാക്കിയത്.
അമേരിക്കൻ താത്പര്യങ്ങളെ മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം. വിദേശരാജ്യങ്ങൾക്ക് നൽകുന്ന ആയുധസഹായത്തിൽ ട്രംപ് ഭരണകൂടം നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമായാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി റഷ്യ യുക്രൈന് നേരെ മിസൈലുകൾ കൊണ്ടും ഡ്രോണുകൾ ഉപയോഗിച്ചും കനത്ത ആക്രമണാണ് നടത്തിയത്. ഇതിനെ ചെറുക്കാൻ പാടുപെടുന്നതിനിടെയാണ് തിരിച്ചടിയായി യുഎസ് ആയുധ സഹായം മരവിപ്പിച്ചത്. ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതുമുതൽ യുക്രൈന് നൽകിവരുന്ന ആയുധ സഹായം കുറഞ്ഞിരുന്നു.
യുക്രൈൻ ഉപയോഗിച്ചിരുന്ന യുദ്ധ ടാങ്കുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ, ഡ്രോണുകൾ, റഡാറുകൾ എന്നിവയിൽ അധികവും അമേരിക്കൻ ആയുധങ്ങളായിരുന്നു. യുക്രൈൻറെ വ്യോമ പ്രതിരോധത്തിനും യുഎസിൻറെ സഹായമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ വിമാനങ്ങളിൽ ഉപയോഗിക്കുന്ന മിസൈലുകൾക്കടക്കം ക്ഷാമം നേരിടുമ്പോഴാണ് അമേരിക്ക ആയുധ സഹായം മരവിപ്പിച്ചത് എന്നത് യുക്രൈന് കനത്ത തിരിച്ചടിയാണ്.
തുടർച്ചയായുള്ള റഷ്യൻ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ പാശ്ചാത്യരാജ്യങ്ങളുടെ സഹായം യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച നൂറുകണക്കിന് ഡ്രോണുകളും അറുപതിലധികം മിസൈലുകളുമാണ് റഷ്യ യുക്രൈന് നേരെ പ്രയോഗിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022 യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയുടെ ഭാഗത്ത് നിന്നും ഏറ്റവും വലിയ ആക്രമണമാണ് യുക്രൈന് നേരെ നടന്നത്. ആക്രമണത്തിൽ ഒരു എഫ്-16 വിമാനം തകരുകയും പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.