
കോട്ടയം: നേരത്തേ തന്നെ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ ചിലപ്പോൾ ഭാര്യയെ ജീവനോടെ കിട്ടുമായിരുന്നുവെന്ന് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. തിരച്ചിൽ നടത്തേണ്ടസമയത്ത് കെട്ടിടം ഉപയോഗശൂന്യമാണെന്ന് കള്ളം പറയാനാണ് അവർ ശ്രമിച്ചത്. ഏതെങ്കിലും മന്ത്രി വിളിക്കുകയോ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ തന്നെ കാണാൻവരികയോ ചെയ്തില്ലെന്നും വിശ്രുതൻ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മ ശുചിമുറിയിൽ മുഖം കഴുകാൻ പോയതാണെന്നാണ് മകൾ പറഞ്ഞത്. അപ്പോഴാണ് അത് ഇടിയുന്നത്. അപ്പോൾത്തന്നെ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ ഒരുപക്ഷേ, ജീവനോടെ കിട്ടുമായിരുന്നു. അന്നേരവും അവർ ഈ കെട്ടിടം ഉപയോഗശൂന്യമാണെന്ന് കള്ളം പറയാനാണ് ശ്രമിച്ചത്. ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയില്ല എന്ന് ഉയർത്തിക്കാണിക്കാനാണ് അങ്ങനെ പറഞ്ഞതെന്നാണ് കരുതുന്നത്. രാവിലെ അവിടെ കുളിക്കാൻ പോയവരുണ്ടെന്ന കാര്യം അവിടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നെന്നും വിശ്രുതൻ പറഞ്ഞു.
സാമ്പത്തിസഹായത്തിൻറെ കാര്യം മുഖ്യമന്ത്രി, സൂപ്രണ്ട് എന്നിവരെല്ലാം ചേർന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചതെന്നും വിശ്രുതൻ പറഞ്ഞു. സിപിഎം നേതാക്കൾ വന്നിരുന്നെന്നും മകളുടെ ശസ്ത്രക്രിയയ്ക്കും മറ്റുമുള്ള സഹായങ്ങൾ ചെയ്യാമെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് പോവാനുള്ളതൊക്കെ പോയില്ലേ. സംഭവത്തിന് ശേഷം ഏതെങ്കിലും മന്ത്രി വിളിക്കുകയോ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ വന്നു കാണുകയോ ചെയ്തില്ല. രണ്ടുദിവസം കഴിഞ്ഞാൽ ഇതൊക്കെ മറന്നുപോവുന്ന സ്ഥിതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.