
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി പുതിയ ചരിത്രത്തിനു തുടക്കമിട്ടിരിക്കുകയാണ് സബ് ലഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ നിന്ന് അഡ്വാൻസ്ഡ് ജെറ്റ് ട്രെയ്നിങ് പൂർത്തിയാക്കിയ ആസ്ത ‘വിങ്സ് ഓഫ് ഗോൾഡ്’ പുരസ്കാരം ഏറ്റുവാങ്ങി. കൂടുതൽ പെൺകുട്ടികൾക്ക് വിലക്കുകളെ മറികടന്ന് പുതിയ വഴി വെട്ടാനുള്ള തുടക്കമാകട്ടെ ഇതെന്ന് വാർത്ത പങ്കുവച്ചുകൊണ്ട് നാവികസേന പ്രതികരിച്ചു.
ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിലെ മിഗ് 29, റഫാൽ വിമാനത്തിന്റെ നാവിക പതിപ്പ് ഇവയിലേതെങ്കിലും പറത്താൻ ആസ്തയെ നിയോഗിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു വിമാനവാഹിനി കപ്പലുകളാണ് ഇന്ത്യയ്ക്കുള്ളത്. ഐഎൻഎസ് വിക്രാന്തും വിക്രമാദിത്യയും. മിഗ് 29ന്റെ നാവിക പതിപ്പാണ് മിഗ് 29 കെ. വർഷങ്ങളായി നാവികസേന ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.