
ദോഹ: ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുനരാരംഭിച്ചു. വ്യാഴാഴ്ചയോടെ ഗാസയിലെ വെടിനിർത്തൽ കരാറിൽ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പലസ്തീൻ വൃത്തങ്ങൾ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ചർച്ചകൾ നടക്കുന്നത്. ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ തയാറായാൽ ശേഷിക്കുന്ന ബന്ദികളെയും കൈമാറുമെന്ന് ഹമാസ് നേതൃത്വവും അറിയിച്ചു.
മുൻ ശ്രമങ്ങളെ അപേക്ഷിച്ച് നിലവിലെ ചർച്ചകൾ കൂടുതൽ ഗൗരവമുള്ളതാണെന്ന് ഹമാസ് വക്താവ് പറഞ്ഞു. പലസ്തീനികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാനുള്ള ഇസ്രയേലിന്റെ സന്നദ്ധതയെയാണ് ചർച്ചയുടെ പുരോഗതി പ്രധാനമായും ആശ്രയിച്ചിരിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു. സമഗ്രമായ വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങൽ, അനിയന്ത്രിതമായ മാനുഷിക സഹായം, രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ബാധിക്കുന്ന ഉപരോധം അവസാനിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.
എന്നാൽ, ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ സ്വതന്ത്രമായി എത്തിക്കുന്നതിനുള്ള വ്യവസ്ഥകൾ അംഗീകരിക്കാൻ ഇസ്രയേൽ വിസമ്മതിക്കുന്നതാണ് ചർച്ചകളിലെ പുരോഗതിക്ക് പ്രധാന തടസ്സമെന്ന് പലസ്തീൻ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സൗദി ഉടമസ്ഥതയിലുള്ള അൽ അറബിയയും ഖത്തറിന്റെ അൽ അറബി നെറ്റ്‌വർക്കുകളും ഹമാസ് അവരുടെ എല്ലാ നിർദിഷ്ട ഭേദഗതികളും കരാറിൽ ഉൾപ്പെടുത്തണമെന്ന് നിർബന്ധം പിടിക്കുന്നുണ്ടെന്നും ഇത് ചർച്ചയുടെ പുരോഗതിയെ സ്തംഭിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ചെയ്തു.