
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തി തഹാവൂർ റാണ. പാക്ക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നു താനെന്നും 26/11ന് ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ് മുംബൈയിൽ ഉണ്ടായിരുന്നെന്നും മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ റാണ സമ്മതിച്ചു. ഡൽഹിയിലെ തിഹാർ ജയിലിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിലാണ് റാണയിപ്പോൾ. ഗൾഫ് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്ഥാൻ സൈന്യം തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നെന്നും റാണ പറഞ്ഞു.
സുഹൃത്തും സഹായിയുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്കുവേണ്ടി നിരവധി പരിശീലന പരിപാടികൾ നടത്തിയിട്ടുണ്ടെന്നും റാണ വെളിപ്പെടുത്തിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ലഷ്കറെ തയിബ പ്രധാനമായും ചാരശൃംഖലയായിട്ടാണു പ്രവർത്തിച്ചിരുന്നത്.
മുംബൈയിൽ ഇമിഗ്രേഷൻ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം റാണയുടേതായിരുന്നു. ബിസിനസ് ചെലവുകൾ എന്ന പേരിലാണ് സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നത്. ആക്രമണം നടന്ന നവംബർ 26ന് തൊട്ടുമുൻപുവരെ മുംബൈയിൽ ഉണ്ടായിരുന്നെന്നും അതു ഭീകരരുടെ പദ്ധതിയുടെ ഭാഗമായിരുന്നെന്നും ചോദ്യം ചെയ്യലിൽ റാണ സമ്മതിച്ചു.