
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി തുടങ്ങി. ഇന്ന് അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പാൽ, പത്രം, ആംബുലൻസ് തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. പണിമുടക്ക് അനുകൂലികൾ സർവീസ് നടത്താൻ തയ്യാറായ കെഎസ്ആർടിസി ബസുകൾ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി. പശ്ചിമ ബംഗാളിലും പണി മുടക്ക് ശക്തമാണ്. പണിമുടക്ക് പൊതുഗതാഗത സംവിധാനങ്ങളെ ബാധിച്ചെങ്കിലും സ്വകാര്യ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ബിഹാറിൽ ആർജെഡി പ്രവർത്തകർ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ല.
കേരളത്തിൽ ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് ഭരണത്തിലെങ്കിലും സംസ്ഥാനസർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും.
തമ്പാനൂരിൽ കടകംമ്പോളങ്ങൾ അടച്ചും കെഎസ്ആർടിസി സർവീസുകളിൽ നിന്ന് ജീവനക്കാർ വിട്ടു നിന്നുമാണ് പണിമുടക്ക് ആരംഭിച്ചത്. എം ജി, കേരള, കാലിക്കറ്റ് ,കണ്ണൂർ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.