യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന്

സനാ: യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലിൽ എത്തിയിട്ടുണ്ട്. ഇക്കാര്യം നിമിഷ പ്രിയയെയും യെമനിലെ ഇന്ത്യൻ എംബസിയെയും അറിയിച്ചിട്ടുണ്ട്. തലാലിന്റെ കുടുംബത്തിന് 10 ലക്ഷം ഡോളർ (ഏകദേശം 8.57 കോടി രൂപ) ദയാധനമായി നൽകാമെന്ന് അറിയിച്ചിരുന്നു. കുടുംബവുമായി നടക്കുന്ന ചർച്ചയിൽ നിമിഷ പ്രിയയ്ക്ക് മാപ്പു നൽകാൻ തലാലിന്റെ കുടുംബം തയ്യാറായാൽ മാത്രമേ മോചനത്തിനു വഴിയൊരുങ്ങൂ. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലാണ് നിമിഷ പ്രിയ കഴിയുന്നത്. ഹൂതികളുമായി ബന്ധമുള്ള ഇറാൻ സർക്കാരുമായി ചർച്ച നടത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെങ്കിലും ഇക്കാര്യത്തിലും തുടർനീക്കങ്ങളുണ്ടായില്ല. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് ഇന്ത്യയെ അറിയിച്ചിരുന്നു.

എന്നാൽ ഈ ചർച്ചയ്ക്ക് എന്തു സംഭവിച്ചുവെന്നതു സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല. നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി ഇപ്പോഴും യെമനിലുണ്ട്. 2024 ഏപ്രിലിലാണ് പ്രേമ കുമാരി സനായിലെത്തിയത്. ഇവർ ജയിലിലെത്തി 11 വർഷത്തിനുശേഷം മകളെ കണ്ടിരുന്നു. സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താനാണ് സാമുവൽ ജെറോമിനൊപ്പം പ്രേമകുമാരി സനായിൽ എത്തിയതെങ്കിലും ഈ ചർച്ചയും കാര്യമായി മുന്നോട്ടു പോയിരുന്നില്ല.

2015 ൽ സനായിൽ യെമൻ പൗരനായ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളി.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *