
വാഷിംഗ്ടൺ: ബ്രിക്‌സ് രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവയാകും ഏർപ്പെടുത്തുക. ബ്രിക്‌സ് രൂപീകരിച്ചത് അമേരിക്കയെ ഉപദ്രവിക്കാനും ഡോളറിനെ തരംതാഴ്ത്താനുമാണെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാൻ, ദക്ഷിണകൊറിയ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. അതിനുപിന്നാലെയാണ് ബ്രിക്‌സ് രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം. ഈ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവ ഓഗസ്റ്റ് ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക.
അമേരിക്കയുമായി പുതിയ വ്യാപാരക്കരാർ ഓഗസ്റ്റ് ഒന്നിന് മുൻപ് ഉണ്ടാക്കിയില്ലെങ്കിൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് കാണിച്ചായിരുന്നു അമേരിക്ക കത്തയച്ചത്. ലാവോസിനും മ്യാൻമറിനും 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി.
ബ്രിട്ടണും ചൈനയുമായി ഇതിനകം വ്യാപാരക്കരാർ ഉണ്ടാക്കിയെന്നും ഇന്ത്യയുമായി ചർച്ചകൾ നടക്കുകയാണെന്നും ട്രംപ് പറഞ്ഞു. ചർച്ചയ്ക്ക് താൽപ്പര്യം കാണിക്കാത്തതു കൊണ്ടാണ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് കത്തുകൾ അയച്ചതെന്നും ചർച്ചയുടെ പുരോഗതി അനുസരിച്ച് മാറ്റമുണ്ടാകുമെന്നും ട്രംപ് അറിയിച്ചു.