
മോസ്‌കോ: വീണ്ടും ആക്രമണപ്രത്യാക്രമണങ്ങളുമായി റഷ്യയും യുക്രൈനും. വ്യാഴാഴ്ച യുക്രൈൻ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തി. യുക്രൈന്‍ തലസ്ഥാനമായ കീവുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ നഗരങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. അതേസമയം വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും റഷ്യക്കുനേരെ യുക്രൈന്‍ ഡ്രോണാക്രമണം നടത്തി.
യുക്രൈന്റെ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പുതിയ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്. ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്നും ലക്ഷ്യമിട്ട കേന്ദ്രങ്ങളെല്ലാം തകര്‍ത്തെന്നും റഷ്യ വ്യക്തമാക്കി. ഇക്കാര്യം യുക്രൈനും സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ യുക്രൈന്‍ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. മോസ്‌കോ നഗരത്തില്‍ യുക്രൈന്‍ നടത്തിയ ഡ്രോണാക്രണത്തില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു. 155-ഓളം യുക്രൈന്‍ ഡ്രോണുകള്‍ വീഴ്ത്തിയതായി റഷ്യ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ മൂന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
അതേസമയം യുക്രൈനിലെ പ്രധാന സുരക്ഷാ ഏജന്‍സിയായ എസ്ബിയുവിലെ ഒരു ഉന്നത ഉേേദ്യാഗസ്ഥന്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.കീവ് നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ സമീപത്തുനിന്ന് അഞ്ജാതന്‍ എസ്ബിയു ഉദ്യോഗസ്ഥനെ വെടിവെക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതായി പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അറിയിച്ചിട്ടുണ്ട്.