
ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്‌ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്‌ലയുടെ ‘എക്‌സ്പീരിയന്‍സ് സെന്റര്‍’ ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്‌ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂമാകും ഇത്. ചൈനയിലെ ഷാങ്ഹായിലെ ടെസ്‌ലയുടെ ഫാക്ടറിയില്‍ നിന്ന് അഞ്ച് മോഡല്‍ വൈ വാഹനങ്ങള്‍ ഇതിനകം മുംബൈയില്‍ എത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ടെസ്‌ല കാറുകള്‍ക്ക് 27.7 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ച കാറുകളുടെ ഇറക്കുമതിക്ക് ഇന്ത്യ 70 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതോടെ കനത്ത തീരുവയാണ് ടെസ്‌ല നല്‍കുക. 21 ലക്ഷത്തിലധികം രൂപയുടെ ഇറക്കുമതി തീരുവയാണ് ടെസ്‌ല നല്‍കേണ്ടി വരുക.
ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഒരു വര്‍ഷത്തോളമായി ചര്‍ച്ചയായിരുന്നു. കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളിലായിരുന്നു ഇലോണ്‍ മസ്‌ക്. ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നുണ്ടെങ്കിലും, ഇലക്ട്രിക് വാഹന കമ്പനി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.