
കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസാഖ് ഖാൻ ആണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗനാസ് ജില്ലയിൽ ചൽതാബേരിയയിൽ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡിൽ നിന്ന് മാരിചയിലെ തന്റെ വീട്ടിലേക്ക് പോകുന്നവഴിയാണ് ഇദ്ദേഹം ആക്രമിക്കപ്പെടുന്നത്.
വഴിയിൽ വെച്ച് ഇദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തിയതിന് ശേഷം മൂർച്ചയേറിയ ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റസാഖ് ഖാനെ അക്രമികൾ വഴിയിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ് റസാഖ് ഖാനുമായി അടുത്ത ബന്ധമുള്ള കാന്നിങിൽ നിന്നുള്ള തൃണമൂൽ എംഎൽഎ ഷൗക്കത്ത് മൊല്ല സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണക്കാരായവരെ ഉടൻ പിടികൂടണമെന്നും ശക്തമായ നടപടിയുണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.