
വാഷിങ്ടൺ: വ്യാപരയുദ്ധം കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയ്ക്കുമേൽ 35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. അടുത്ത മാസം മുതൽ കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ചുമത്തുമെന്നും മറ്റ് വ്യാപാര പങ്കാളികൾക്കുമേൽ 15% അല്ലെങ്കിൽ 20% ഏകീകൃത തീരുവ ചുമത്താനും പദ്ധതിയിടുന്നതായും ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വ്യക്തമാക്കി.
പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കാനഡ തിരിച്ച് യു.എസിന് തീരുവ ചുമത്തി തിരിച്ചടിച്ചാൽ ഇത് വർദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുമേൽ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തി ട്രംപ് സമീപ ദിവസങ്ങളിൽ തന്റെ വ്യാപാര യുദ്ധം വിപുലപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ബ്രിക്സ് രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങൾക്ക് വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയിൽ ബ്രിക്‌സ്ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണി ഉയകർത്തിയത്.
‘ബ്രിക്‌സിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അതിനി ഏതു രാജ്യമായാലും, 10% അധിക തീരുവ ഒടുക്കേണ്ടിവരും. കാരണം, ബ്രിക്‌സ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് തന്നെ ഞങ്ങളെ (അമേരിക്കയെ) ദ്രോഹിക്കാൻ വേണ്ടിയാണ്. ഡോളറിനെ ഒഴിവാക്കിയുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടാക്കിയെടുക്കാനാണ് അവർ ശ്രമിക്കുന്നത്. പക്ഷേ സാരമില്ല, അവർ അങ്ങനെയൊരു കളി കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ആ കളി കളിക്കാൻ എനിക്കും അറിയാം,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.