
ന്യൂഡല്‍ഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. 14 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ എട്ടുപേരെ കെട്ടിടത്തിൽനിന്ന് പുറത്തെടുത്തു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാവിലെയോടെയായിരുന്നു കെട്ടിടം തകര്‍ന്നുവീഴുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.