
ഡമാസ്കസ്: ദക്ഷിണ സിറിയയിലെ സുവൈദ നഗരത്തിൽ ബെദൂയിൻ- ഡ്രൂസ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്കു പരുക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും സുരക്ഷാ സേനയിലെ 14 അംഗങ്ങളും ഉൾപ്പെടെ 89 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ സേന സുവൈദ നഗരത്തിൽ പ്രവേശിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്‌താവ് നൗറദ്ദീൻ അൽ ബാബ പറഞ്ഞു. സർക്കാർ സേനയെ അയച്ചെങ്കിലും ഏറ്റുമുട്ടൽ തുടരുകയാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്‌തു.
ന്യൂനപക്ഷമായ ഡ്രൂസ് വിഭാഗത്തിൽപെട്ടവരെ തട്ടിക്കൊണ്ടുപോകുന്നതു സമീപകാലത്തു പതിവായതാണു സംഘർഷത്തിലേക്കു നയിച്ചത്. ഡ്രൂസ് വിഭാഗത്തിൽപെട്ട വ്യാപാരിയെ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയിരുന്നു. സർക്കാർ സേനയിലെ ചില അംഗങ്ങൾ ബെദൂയിൻ വിഭാഗത്തിന് അനുകൂലമായി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഡ്രൂസ് വിഭാഗത്തോട് ആഭിമുഖ്യം പുലർത്തുന്ന ഇസ്രയേൽ ദക്ഷിണ സിറിയയിൽ മിലിറ്ററി ടാങ്കുകൾക്കു നേരെ ആക്രമണം നടത്തി. ബഷാർ അൽ അസദിന്റെ ഭരണം അട്ടിമറിക്കപ്പെട്ടതിനു ശേഷം സിറിയയിൽ വിഭാഗീയ സംഘർഷങ്ങൾ പതിവാണ്. അൽ ഷരാ ഭരണകൂടത്തെ വിശ്വാസത്തിലെടുക്കാൻ ഡ്രൂസ് അടക്കമുള്ള വിഭാഗങ്ങൾക്കായിട്ടില്ല.