
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട പോക്സോ കോടതിയിൽ തീപിടിത്തം. പ്രോസിക്യൂട്ടറുടെ മുറിയിലും കോടതിയിലുമുള്ള ഫയലുകൾ കത്തിനശിച്ചു. തൊണ്ടി മുതൽ സൂക്ഷിച്ചിരുന്ന മുറിയിലും തീ പടർന്നു. തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം.
കോടതി പ്രവർത്തിക്കുന്ന മൂന്നാം നിലയിൽ നിന്നു പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് സമുച്ചയത്തിലെ ചില്ല് വാതിൽ പൊളിച്ച് അകത്ത് കടന്ന് തീ കെടുത്തി.
കോടതി മുറിയിൽ നിന്നാണ് തീ പടർന്നത്. തീ പടർന്ന മുറിയിൽ പകുതി കത്തിയ മെഴുകുതിരി കണ്ടെത്തിയിട്ടുണ്ട്. അഗ്നിരക്ഷാസേന യഥാസമയം എത്തിയതുകൊണ്ട് തീ മറ്റ് ഭാഗങ്ങളിൽ പടരുന്നത് തടയാൻ കഴിഞ്ഞു. ജഡ്ജി സി.രമേഷ്കുമാർ വിവരമറിഞ്ഞ് രാത്രി സ്ഥലത്ത് എത്തി. ഇന്നു കൂടുതൽ പരിശോധനകൾ നടക്കും.