
ബെംഗളൂരു: വനിതകള്‍ക്കുപിന്നാലെ കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൗജന്യമാക്കുന്നു. കര്‍ണാടക പബ്ലിക് സ്‌കൂളുകളിലെ (കെപിഎസ്) വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. കെപിഎസ് സ്‌കൂളുകളിലെ എല്‍കെജി മുതല്‍ പ്രീയൂണിവേഴ്സിറ്റി വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസ് യാത്രാസൗകര്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എക്‌സ് സന്ദേശത്തിലൂടെ വ്യക്തമാക്കി.
കന്നഡയിലും ഇംഗ്ലീഷ് മീഡിയത്തിലും പഠനംനടത്തുന്ന 308 കെപിഎസ് സ്‌കൂളുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. വനിതകള്‍ക്ക് സര്‍ക്കാര്‍ബസുകളില്‍ യാത്ര സൗജന്യമായതിനാല്‍ ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളെ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിവരില്ല.
ആണ്‍കുട്ടികള്‍ക്കുമാത്രം സൗജന്യയാത്ര അനുവദിച്ചാല്‍ മതിയാകും. കെപിഎസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ഒരുക്കാനുള്ള നിര്‍ദേശം വന്നിട്ടുണ്ടെന്നും എന്നാല്‍, അന്തിമതീരുമാനമായിട്ടില്ലെന്നുമാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ പ്രതികരണം.
വനിതകള്‍ക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഇതുവരെ 500 കോടിയോളം യാത്രാടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പമാണ് കെപിഎസ് വിദ്യാര്‍ഥികള്‍ക്കുകൂടി സൗജന്യയാത്ര അനുവദിക്കുന്നത്. നിലവില്‍ ഒരു കെപിഎസില്‍ 2000-ത്തില്‍പ്പരം വിദ്യാര്‍ഥികളുണ്ട്. ഇതില്‍ പകുതി ആണ്‍കുട്ടികളാണെന്ന് കണക്കാക്കിയാല്‍ മൂന്നുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കേണ്ടിവരും.