
തിരുപ്പതി: തിരുപ്പതി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ട്രെയിനുകളില്‍ തീപിടിത്തം. രാജസ്ഥാനിനിലെ ഹിസാറിൽനിന്ന് തിരുപ്പതിയിലേക്ക് വന്ന ട്രെയിനിന്റെ ഒരു കോച്ചില്‍ തീ ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. തൊട്ടടുത്ത ട്രാക്കിലുള്ള റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ചിലേക്കും തീ പടര്‍ന്നു. ഹിസാര്‍-തിരുപ്പതി ട്രെയിനിന്റെ കമ്പാർട്ടുമെന്റുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ചും ഭാഗികമായി നശിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ റെയില്‍ അടിയന്തര നടപടി സ്വീകരിച്ചു. തീപിടിത്തം നിയന്ത്രണവിധേയമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം തമിഴ്‌നാട് തിരൂവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ തീപിടിത്തമുണ്ടായി. ചെന്നൈയില്‍നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. രാവിലെ 5.30-ഓടെയായിരുന്നു സംഭവം. ഡീസല്‍ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെത്തുടര്‍ന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ജനവാസമേഖലയ്ക്ക് അടുത്താണ് അപകടമുണ്ടായത്. മൂന്ന് വാഗണുകള്‍ പാളം തെറ്റിയതിന് പിന്നാലെ ഇന്ധന ചോര്‍ച്ചയുണ്ടായി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം.