
വാഷിങ്ടണ്‍: യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് 50 ദിവസത്തിനുള്ളിൽ വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ റഷ്യയ്ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയ്ക്ക് മേല്‍ കടുത്ത തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. തീരുവ നൂറ് ശതമാനമായിരിക്കും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരും. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സെക്രട്ടറി ജനറൽ മാർക് റട്ടുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു പ്രഖ്യാപനം.
റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുക്രൈനെ പിന്തുണയ്ക്കാന്‍ യുഎസിന്റെ വ്യോമപ്രതിരോധസംവിധാനമായ പേട്രിയറ്റ് മിസൈലും മറ്റ് യുദ്ധോപകരണങ്ങളും നാറ്റോയിലേക്ക് യുഎസ് അയയ്ക്കുമെന്നും ട്രംപ് അറിയിച്ചു. താനായിരുന്നു ഒരുപക്ഷെ വ്‌ളാദിമിര്‍ പുതിനെങ്കില്‍ യുക്രൈനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ഗൗരവമായി എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രൈന് ആവശ്യമായ ആയുധം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തു. കീവിലേക്കുള്ള ആയുധവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ നിലപാടില്‍നിന്ന് യുഎസ് പിന്നോട്ടുപോകുകയാണെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം നല്‍കുന്ന സൂചന.
റഷ്യന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു. പുതിനോട് കൂടുതല്‍ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്നയാളാണ് പുതിന്‍. നല്ല രീതിയില്‍ അദ്ദേഹം സംസാരിക്കും. വൈകുന്നേരമാകുമ്പോള്‍ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കും’, ട്രംപ് പറഞ്ഞു.
അതേസമയം, റഷ്യയ്‌ക്കെതിരായ നടപടികളടക്കം സുരക്ഷാവിഷയങ്ങൾ ചർച്ച ചെയ്യാൻ ട്രംപിന്റെ പ്രതിനിധി കെയ്ത്ത് കെലോഗ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ എത്തി. യുക്രെയ്ൻ സൈനിക, ഇന്റലിജൻസ് മേധാവിമാരുമായും കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ചർച്ച ചെയ്തു വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു യുക്രെയ്നിനു കൂടുതൽ ആയുധം നൽകാമെന്ന നയംമാറ്റത്തിലേക്കു ട്രംപ് എത്തിയത്.