
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ജനല്‍ അടര്‍ന്നുവീണ് അപകടം. രണ്ട് നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ജനല്‍ കാറ്റിലാണ് തകര്‍ന്നത്. ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥികളായ ബി.ആദിത്യ, പി.ടി.നയന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മെഡിക്കല്‍ കോളേജിന്റെ ഓള്‍ഡ് ബ്ലോക്കിലാണ് സംഭവം. നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവര്‍ത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്. കാറ്റില്‍ ഇരുമ്പ് ജനല്‍ പാളി തകര്‍ന്നു വീഴുകയായിരുന്നു. വിദ്യാര്‍ഥികളുടെ മുകളിലേക്കാണ് ജനല്‍ പതിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജായത് 2013-ലാണ്. അപ്പോള്‍ മുതലുള്ള കെട്ടിടമാണിത്.