
ജറുസലം: ഗാസയിൽ അഭയാർഥി ക്യാംപുകളിലടക്കം 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു. 278 പേർക്കു പരുക്കേറ്റു. അഭയാർഥി ക്യംപിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ നിയമസഭാ കൗൺസിൽ അംഗമായ മുഹമ്മദ് ഫറജ് അൽ ഗോലും (68) കൊല്ലപ്പെട്ടു. ക്യാംപിലുണ്ടായിരുന്ന ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേരും കൊല്ലപ്പെട്ടു. ടെൽ അൽ ഹവ ജില്ലയിലെ വീടിനുനേരെ ഉണ്ടായ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ 8 സ്ത്രീകളും 6 കുട്ടികളുമടക്കം 19 പേരാണു കൊല്ലപ്പെട്ടത്. ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ 12 പേരും കൊല്ലപ്പെട്ടു.
ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഒക്ടോബർ 7 മുതൽ ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങളിൽ 58,400 പേർ കൊല്ലപ്പെടുകയും 1,39,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ വിഭാഗത്തിലെ ഉന്നതരായ മൂന്നു വിദഗ്ധർ രാജിക്കത്ത് നൽകി. പലസ്തീൻ, ഇസ്രയേൽ വിഷയങ്ങളിലെ വിദഗ്ധരായ ഇവർ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് ഒഴിയുന്നത്. നിലവിൽ ഗാസയിലും വെസ്റ്റ്ബാങ്കിലും യുഎൻ പ്രതിനിധികളെ ഇസ്രയേൽ വിലക്കിയിരിക്കുകയാണ്. ഇസ്രയേൽ വിമർശനത്തിന്റെ പേരിൽ കഴിഞ്ഞയാഴ്ച യുഎന്നിന്റെ സ്വതന്ത്ര പ്രതിനിധിയായ ഫ്രഞ്ചെസ്ക ആൽബനീസിനെതിരെ യുഎസ് ഉപരോധമേർപ്പെടുത്തിയിരുന്നു.