
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കാസർകോട്, തൃശൂർ, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്കൂളുകൾക്കും കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശക്തമായ മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. കോഴിക്കോട് കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂർണമായും തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് പാലത്തിൽ വെള്ളം കയറി. പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് കടന്തറ പുഴയിൽ മലവെള്ള പാച്ചിലുണ്ടായി. മരുതോങ്കര പശുക്കടവ് മേഖലകളിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ചെമ്പനോടയിൽ നിന്നും 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പെരുവണ്ണാമൂഴി,ചെമ്പനോട പാലത്തിൽ വെള്ളം കയറി.
തൊട്ടിൽപ്പാലം പുഴയിലും മലവെള്ള പാച്ചിലുണ്ടായി. ദേശീയപാതയിൽ കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറി. വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ ചെറുമോത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു. കരിങ്ങാട്,കൈവേലി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു. കുറ്റ്യാടി മരുതോങ്കര, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴ പെയ്തു.
താമരശ്ശേരി ഈങ്ങാപ്പുഴ മസ്ജിദിൽ വെള്ളം കയറി. കാസർകോട് ചെറുവത്തൂർ കുളങ്ങാട് മലയിൽ മണ്ണിടിച്ചിലുണ്ടായി. അപകട ഭീഷണിയെ തുടർന്ന് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയിരുന്നു. നേരത്തെ മലയിൽ വിള്ളലുണ്ടായിരുന്നു. അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
മഴയെ തുടർന്ന് വയനാട് മുണ്ടക്കൈ–ചൂരൽമല മേഖലയിൽ കനത്ത ജാഗ്രത. ഇവിടെ തോട്ടം മേഖലയിലേക്ക് പ്രവേശനം വിലക്കി.