
ജറുസലം: ഗാസയിലെ ഏക കത്തോലിക്കാ പള്ളിക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. പള്ളിവികാരി ഗബ്രിയേൽ റോമനെലി അടക്കം ഒട്ടേറെപ്പേർക്കു പരുക്കേറ്റതായി സഭാ അധികൃതർ അറിയിച്ചു. തിരുകുടുംബ പള്ളിയുടെ വളപ്പിലാണു ബോംബ് വീണത്. സംഭവത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച ലിയോ മാർപാപ്പ, ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ടു. പള്ളിക്കു കേടുപറ്റിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. പള്ളിയിൽ ആക്രമണം നടന്നതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു.
കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഗാസയിലെ പള്ളിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു. പലസ്തീനിലെ സ്ഥിതി അറിയാനായി അർജന്റീനക്കാരനായ വികാരി ഗബ്രിയേൽ റൊമനേലിനെ ഫ്രാൻസിസ് മാർപാപ്പ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിൽ കഴിയുന്ന ഫാ. ഗബ്രിയേലിന്റെ കാലിനാണ് പരുക്ക്.
ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 29 പലസ്തീൻകാർ കൊല്ലപ്പെട്ടു. ജനങ്ങൾക്കു നേരെ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി പറഞ്ഞു.