
ഷിംല: ഉത്തരേന്ത്യയിൽ മഴ ശക്തമാകുന്നു. ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. മണ്ണിടിച്ചിലിലും വെള്ളപൊക്കത്തിലും 35 പേരെ കാണാതായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ 250 ൽപരം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. മഴക്കെടുതിയിൽ നിരവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹിമാചലിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 5 ജില്ലകളിൽ റെഡ് അലർട്ട് നിലവിലുണ്ട്.
മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഡൽഹിയിൽ യെലോ അലർട്ട് തുടരുന്നു. അടുത്ത 4 ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.