
ഡമാസ്കസ്: ഗോത്ര സംഘർഷം രൂക്ഷമായ തെക്കൻ സിറിയയിലെ സുവൈദയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. ഇതോടെ ബിദൂനികളുടെ സായുധസംഘം സുവൈദ നഗരത്തിൽനിന്നു പിന്മാറി. സുരക്ഷാസേന തെരുവുകളിൽ കാവലുണ്ടെന്ന് ആഭ്യന്തരമന്ത്രി അനസ് ഖത്തബ് പറഞ്ഞു.
യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്‌സർവേറ്ററിയുടെ കണക്കുപ്രകാരം 940 പേർ കൊല്ലപ്പെട്ട കലാപകാലത്തു നൂറുകണക്കിനു വീടുകൾക്കാണു തീയിട്ടത്. ഒട്ടേറെപ്പേരെ കാണാതായി. നഗരത്തിൽ പലയിടത്തും വൈദ്യുതിയും ജലവിതരണവും താറുമാറായി. പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ ആശുപത്രികളിലും വേണ്ടത്ര സൗകര്യങ്ങളില്ല. ഡ്രൂസ് വിഭാഗത്തിന് അടിയന്തര വൈദ്യസഹായം അയച്ചതായി ഇസ്രയേൽ ദേശീയ ചാനൽ അറിയിച്ചു. യുഎസും സിറിയയുമായി ഏകോപിപ്പിച്ചാണ് സഹായം എത്തിക്കുന്നത്. സുവൈദയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും അയയ്‌ക്കാൻ ഒരുങ്ങുകയാണെന്ന് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കലാപബാധിതമായ സുവൈദയിൽ കഴിഞ്ഞയാഴ്ച സർക്കാർസേന ഇറങ്ങിയപ്പോഴാണ്, ഡ്രൂസുകൾക്കു പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ സിറിയയിൽ ആക്രമണം തുടങ്ങിയത്. ഡ്രൂസ് വിഭാഗത്തോട് ആഭിമുഖ്യം പുലർത്തുന്ന ഇസ്രയേൽ ദക്ഷിണ സിറിയയിൽ ആക്രമണം നടത്തി. ഇതിനു പിന്നാലെയാണ് തുർക്കിയുടെയും ജോർദാന്റെയും മധ്യസ്ഥതയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും സിറിയ പ്രസിഡന്റ് അഹ്മദ് അശ്ശറയും തമ്മിൽ വെടിനിർത്തലിന് ധാരണയായത്. കരാറിനുസരിച്ചു തടവുകാരുടെ കൈമാറ്റമാണ് അടുത്തഘട്ടം.
അതിനിടെ, ജൂണിൽ സിറിയയുടെ തീരമേഖലയിൽ ന്യൂനപക്ഷമായ അലവികൾക്കെതിരെ സിറിയൻ സേന നടത്തിയ വംശീയാതിക്രമം സംബന്ധിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പ്രസിഡന്റ് അഹ്മദ് അശ്ശറയ്ക്കു കൈമാറി. മുൻപ്രസിഡന്റ് ബഷാർ അൽ അസദിന്റെ സമുദായക്കാരായ അലവികൾക്കെതിരെ നടന്ന പ്രതികാരക്കൊലകളിൽ 1500 പേരാണു കൊല്ലപ്പെട്ടത്.