
ടെഹ്റാൻ: ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായുള്ള ആണവപദ്ധതി സംബന്ധിച്ച ചർച്ച ഇറാൻ അടുത്തയാഴ്ച നടത്തുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയി. തുർക്കിയിലെ ഇസ്തംബൂളിലാണ് ചർച്ച നടത്തുകയെന്നാണ് വിവരം. യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി കായ കാലസ്, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി നടത്തിയ ചർച്ചയ്ക്കുപിന്നാലെയാണു തീരുമാനം.
കരാർ പുനഃസ്ഥാപിക്കാൻ ചർച്ച നടത്തുന്നില്ലെങ്കിൽ അടുത്ത മാസാവസാനത്തോടെ ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും വൻശക്തികൾ മുന്നറിയിപ്പുനൽകിയിരുന്നു. 2015 ൽ ഇറാനും വൻശക്തികളുമായുണ്ടാക്കിയ ആണവക്കരാറിൽനിന്ന് യുഎസ് 2018ൽ ഏകപക്ഷീയമായി പിന്മാറിയിരുന്നു.