
ന്യൂഡൽഹി: വർഷകാല പാർലമെന്റ് സമ്മേളനത്തിനു ഇന്നു തുടക്കം. ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും. ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, ഇന്ത്യ – പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം.
ഓപ്പറേഷൻ സിന്ദൂറിൽ ഇടപെട്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. അഹമ്മദാബാദിലെ എയർഇന്ത്യ വിമാനദുരന്തം, വോട്ടർപട്ടിക പരിഷ്കരണം, ഇന്ത്യയുടെ വിദേശനയം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്. ഓഗസ്റ്റ് 21 വരെയാണ് സമ്മേളനം നടക്കുന്നത്.
പ്രധാനവിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ വാഗ്ദാനം പ്രതിപക്ഷം മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.
പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ പ്രസ്താവനയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷം കരുതുന്നു. പ്രധാനമന്ത്രി ഈ വിഷയങ്ങളില്‍ സഭയെ വിശ്വാസത്തിലെടുത്ത് പ്രതികരിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
വർഷകാല സമ്മേളനം സുഗമമായും ഫലപ്രദമായും നടത്താൻ കേന്ദ്രസർക്കാർ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി. സർവകക്ഷി യോഗത്തിൽ 51 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 54 പ്രതിനിധികൾ പങ്കെടുത്തു.
അതേസമയം, സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം അറിഞ്ഞെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റികൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും മോദി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു.
‘‘ഭാരതത്തിന്റെ സൈനിക ശക്തി ലോകം ഓപ്പറേഷൻ സിന്ദൂറിലൂടെ അറിഞ്ഞു. ഭാരതത്തിന്റെ സൈന്യം നൂറുശതമാനവും ലക്ഷ്യം നേടി. ഭീകര കേന്ദ്രങ്ങൾ മിനിട്ടുകള്‍ക്കുള്ളിൽ ആക്രമിച്ച് തകർത്തു. ഇന്ത്യ നിർമിച്ച ആയുധങ്ങളുടെ കരുത്ത് വ്യക്തമായി. ലോകത്തിന്റെ ശ്രദ്ധ ഈ ആയുധങ്ങളിലേക്കെത്തി. ഈ സമ്മേളനം വിജയത്തിന്റെ ഉത്സവം’’– നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയിൽ നിർമിക്കുന്ന ആയുധങ്ങളുടെ എണ്ണം വർധിക്കുന്നുവെന്നും നക്സലറ്റുകളെ ഉൻമൂലനം ചെയ്തെന്നും നിരവധി ജില്ലകളെ നക്സൽ ഭീഷണിയിൽനിന്ന് മോചിപ്പിച്ചെന്നും മോദി പറഞ്ഞു. ആദ്യമായി അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ ഇന്ത്യൻ പതാക ഉയർന്നത് അഭിമാന നിമിഷമാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ അദ്ദേഹം അഭിനന്ദിച്ചു.